രാഷ്ട്രീയം, കുടുംബം , പാചകം , സംഗീതം എല്ലാം ഒരുമിച്ച് കൊണ്ടുപോകുക പ്രയാസമുള്ള കാര്യമാണ്.ഈ മേഖലകളിലെല്ലാം അറിയപ്പെടാനും അംഗീകരിക്കപ്പെടാനും കഴിയുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം
വലിയ ഭാഗ്യമാണ്.ശോഭന ജോര്‍ജ് അത്തരത്തിലുള്ള ഒരു വ്യക്തിത്വമാണ്. രാഷ്ട്രീയം പോലെ തന്നെ കുടുംബബന്ധം,സംഗീതം,പാചകം എന്നിവയിലെല്ലാം തന്‍റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരു നല്ല പാചകക്കാരി എന്ന പേരില്‍ അറിയപ്പെടുന്നതിലും ഏറെ സന്തോഷിക്കുന്ന ആളാണ് ശോഭന ജോര്‍ജ്.ഒരു ജോലി ആയിട്ടല്ല, മറിച്ച് പുതിയ പുതിയ രുചികള്‍ കണ്ടെത്താനുള്ള ഒരു അവസരമായി അവര്‍ പാചകത്തെ കാണുന്നു.ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ അല്പം പിന്നോട്ടാണെങ്കിലും കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്ന വിഭവങ്ങള്‍ വേഗത്തില്‍ താല്പര്യത്തോടെ വെച്ച് വിളമ്പി കൊടുക്കാന്‍ ശോഭനയ്ക്ക് എന്നും സന്തോഷമാണ്. സംസാരത്തിലെന്നതു പോലെ പാചകത്തിലും വളരെ ഫാസ്റ്റാണ് ശോഭന ജോര്‍ജ്. നല്ല ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ് വീട്ടുകാര്‍.
ചെറുപ്പം മുതല്‍ പഠിച്ചെടുത്ത പാചക അറിവുകളല്ല ശോഭനയ്ക്കുള്ളത്. സ്വന്തമായ ഒരു പാചക അറിവ് വെച്ച് ഫോറിനുംനാടനുമെല്ലാം പരീക്ഷിക്കും. ഒന്നും ഒരു പരാജയത്തില്‍ അവസാനിച്ച ചരിത്രം ഇല്ല. മൂന്ന് വര്‍ഷത്തെ ദുബായ് വാസമാണ് തന്‍റെ പാചക പരിജ്ഞാനത്തെ വളര്‍ത്തിയതെന്നാണ് അവര്‍ പറയുന്നത്. അവിടെ നിന്ന് കൊണ്ടുവന്ന മജ്ബൂസ് എന്ന വിഭവം ടേസ്റ്റ് ഓഫ് കേരളയിലൂടെ കേരളീയര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു ശോഭന ജോര്‍ജ്.ഇഷ്ടഭക്ഷണം ചോറും കപ്പയും മീനുമൊക്കെയാണ്.പക്ഷേ ഇതൊന്നും അധികം കഴിക്കാറില്ല. ഒരു പ്രായം കഴിഞ്ഞാല്‍ ഭക്ഷണകാര്യത്തില്‍ മിതത്വം വേണമെന്നാണ് ശോഭനയുടെ വാദം.വീട്ടില്‍ കുറച്ച് ഭക്ഷണം കഴിക്കുന്ന ആളാണ് കക്ഷി.ഹോട്ടല്‍ ഫുഡിനോട് അധികം താത്പര്യമില്ലെങ്കിലും ഒരു ചെയിഞ്ചിനു വേണ്ടി ഇടയ്ക്കൊക്കെ പുറത്ത് നിന്ന് ഭക്ഷണം കഴിക്കും, പക്ഷേ അത് സ്ഥിരമാക്കുന്നത് നല്ല സ്വഭാവമല്ല എന്ന അഭിപ്രായമാണ് ശോഭനയ്ക്ക്.ഈ അടുത്ത കാലം വരെ സ്വന്തമായി പച്ചക്കറികളും മറ്റും എല്ലാവര്‍ക്കും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് മാര്‍ക്കറ്റില്‍ നിന്ന് കിട്ടുന്നത് കൊണ്ട് പാചകം ചെയ്യാനേ കഴിയൂ. ഓരോ വിഭവത്തിനും ചേരുന്ന ചേരുവകള്‍ തന്നെ ചേര്‍ക്കണം, എങ്കിലേ യഥാര്‍ത്ഥരുചി വരികയുള്ളു.
പുതിയ വിഭവങ്ങളും അറിയപ്പെടാത്ത വിഭവങ്ങളും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന അമൃത ചാനലിന്‍റെ ടേസ്റ്റ് ഓഫ് കേരളയുടെഒരു പ്രേക്ഷകയാണ് ശോഭന ജോര്‍ജ്.
ചില ഭക്ഷണോപദേശങ്ങള്‍
സര്‍ക്കാരിനോട്: ആരോഗ്യത്തിന് ഉതകുന്ന നല്ല ഭക്ഷണം കണ്ടെത്തി ജനങ്ങളിലെത്തിക്കണം.
പെണ്‍കുട്ടികളോട്: പെണ്‍കുട്ടികള് പാചകം അറിഞ്ഞിരിക്കണം.എല്ലാം അറിഞ്ഞിട്ടും പാചകം അറിയില്ലെങ്കില്‍ അത് പെണ്‍കുട്ടികള്‍ക്ക്
ഒരു കുറവ് തന്നെയാണ്. വാക്കുകളിലൂടെ കടന്നുചെല്ലാന്‍ സാധിക്കാത്ത മനസ്സുകളില്‍ ഭക്ഷണത്തിലൂടെ എത്താം.
ചെറുപ്പക്കാരോട്: ഹോട്ടല്‍ ഭക്ഷണം കഴിവതും ഉപേക്ഷിക്കുക.ഇഷ്ടമുള്ള ആഹാരം വീട്ടില്‍ ഉണ്ടാക്കി കഴിക്കുക. പാചകം പഠിക്കാനും അതില്‍ എന്തൊക്കെ ചേര്‍ക്കുന്നുണ്ടെന്നും അറിയാനുമൊക്കെ കഴിയും.
എല്ലാവരോടും : നല്ല ഭക്ഷണം കഴിക്കുക. പക്ഷേ കുറച്ച് കഴിക്കുക.
കുറച്ച് കഴിച്ചാല്‍ കൂടുതല്‍ കാലം കഴിക്കാം.
കൂടുതല്‍ കഴിച്ചാല്‍ കുറച്ച് കാലമേ കഴിക്കാന്‍ പറ്റൂ.
പാചക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം:
പാചകം എന്തെന്ന് അറിയുന്നതിനും മുമ്പ് ഒരു പരീക്ഷണത്തിനായി അടുക്കളയില്‍ കയറി.ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഒരു മാഗസിനില്‍ നോക്കി കാര്യങ്ങള്‍ അതേപടി ചെയ്തു തുടങ്ങി.റവ നന്നായി വറത്തെടുത്തു. കശുവണ്ടിയും നെയ്യും ഉപ്പും ഒക്കെ ഇട്ടു. എന്നിട്ട് അവര്‍ പറഞ്ഞതു പോലെ കോരിയെടുത്ത് പ്ലേറ്റില്‍ വീട്ടുകാര്‍ക്ക് വിളമ്പി. സംഭവം വീട്ടുകാര്‍ക്കും ഇഷ്ടമായി. പക്ഷേ ഒരു സംശയം , ഉപ്പുമാവില്‍ വെള്ളം ഒഴിക്കേണ്ടേ?
ഗുണപാഠം:
ഇതാണ് പല മാഗസിനുകളുടെയും അവസ്ഥ.സ്വയം ഉണ്ടാക്കി നോക്കാതെയും അത്യാവശ്യ വിശദാംശങ്ങള്‍നല്‍കാതെയുമാണ് റെസിപ്പികള്‍ നല്‍കുന്നത്. പക്ഷേ സമാന്യവിവരങ്ങള്‍ പോലും അറിയാതെ പാചകത്തിന് ഇറങ്ങുന്നവര്‍ക്ക് പുതിയ വിഭവത്തിന് മുമ്പില്‍ അന്ധാളിച്ച് നില്ക്കേണ്ടതായി വരും.
ചില പൊടിക്കൈകള്‍:
ഇറച്ചി പാചകം ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഉപ്പും കുറച്ച് വിനാഗിരിയും ചേര്‍ത്ത് വെച്ചിരുന്നാല്‍ ഇറച്ചി സോഫ്റ്റ് ആകും. സോഫ്റ്റായാല്‍ ഇറച്ചിയില്‍ അരപ്പൊക്കെ നല്ല വണ്ണം പിടിക്കും.
അവിയലില്‍ മൂപ്പ് കുറഞ്ഞ തേങ്ങ ഒതുക്കിയതും പച്ചവെളിച്ചെണ്ണയും ചേര്‍ത്താല്‍ നന്നായിരിക്കും.
മധുരമുള്ള സാമ്പാര്‍ ഉണ്ട്. സാമ്പാറില്‍ കുറച്ച് പഞ്ചസാരയോ, ശര്‍ക്കരയോ ചേര്‍ത്ത് പരീക്ഷിച്ച് നോക്കുക
മീന്‍കറിയില്‍ ഉപ്പിലിട്ട നെല്ലിക്ക ഇട്ടാല്‍ അതിന് മീനിനേക്കാള്‍ രുചിയായിരിക്കും.
Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has
been honoured with 54 State Awards for Excellence in Television - the only channel in India to be bestowed with such a recognition.