വിജയന്‍ പാറയ്ക്കല്‍
 |
കോവളം കടല്‍ത്തീരത്ത് പാറക്കെട്ടുകള്‍ക്ക് മുകളിലായി തലയെടുപ്പോടെ ഉയര്‍ന്ന് നില്ക്കുന്ന ലീല ബീച്ച് റിസോര്‍ട്ട് സഞ്ചാരികളുടെ ഇഷ്ട താവളമാണ്. അഞ്ച് മണിയായപ്പോഴേ ആളുകള്‍ ലീലയിലേയ്ക്ക് ചേക്കേറി തുടങ്ങിയിരുന്നു.കൂടുതലും വിദേശീയര്‍, പ്രത്യേകിച്ച് അറബികള്‍. അന്തിച്ചുമപ്പ് കടലിനെ കുങ്കുമവര്‍ണ്ണത്തിലാക്കുന്നതും നോക്കി കടല്‍പ്പരപ്പിലേയ്ക്ക് കണ്ണുംനട്ട് സ്വയം മറന്ന് അവര്‍ ഇരുന്നു. ഇരുട്ട് പരന്നപ്പോള്‍ റെസ്റ്റോറന്‍റില്‍ ഭക്ഷണത്തിനുള്ള തിരക്ക് തുടങ്ങി. അടുക്കളയില്‍ പാചകക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി തലയില്‍ വലിയ തൊപ്പിയും മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ഞങ്ങള്‍ കാത്തിരുന്ന ആള്‍ എത്തി, കോവളം ലീല ബീച്ച് റിസോര്‍ട്ടിലെ എക്സിക്യുട്ടീവ് ഷെഫ് വിജയന്‍ പാറയ്ക്കല്‍. ടേസ്റ്റ് ഓഫ് കേരളയുടെ ഭാഗമായി എത്തിയതാണെന്നറിഞ്ഞപ്പോള്‍ തന്‍റെ പാചകവിശേഷങ്ങള്‍ അദ്ദേഹം പങ്ക് വച്ചു. |
പതിനഞ്ചാം വയസ്സില്‍ രുചികരമായ സ്വാദുകളോടുള്ള ഇഷ്ടം കൊണ്ട് മാത്രം പാചകരംഗത്ത് എത്തിയതാണ് വിജയന്‍ ഷെഫ്. മുംബൈയിലെ ഒരു റെസ്റ്റോറന്‍റില്‍ സര്‍വ്വീസിങില്‍ ട്രെയിനി ആയി എത്തിയ അദ്ദേഹത്തിലെ പാചക വിദഗ്ദ്ധനെ കണ്ടെത്തിയത് അവിടുത്തെ ഒരു സ്വിസ് ഷെഫ് ആണ്. പിന്നീട് ഒരുപാട് വിദേശരാജ്യങ്ങളില്‍ അദ്ദേഹം ജോലി ചെയ്തു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ലീലയുടെ വിശ്വസ്ത പാചകക്കാരനാണ്. കോവളം ലീല ബീച്ച് റിസോര്‍ട്ടിലെ എക്സിക്യുട്ടീവ് ഷെഫ് വരെ എത്തി നില്‍ക്കുന്നു അദ്ദേഹത്തിന്‍റെ പാചകയാത്ര.
പാരമ്പര്യമായി കിട്ടിയ കൈപ്പുണ്യവും തന്‍റെ ഗുരുവായ സ്വിസ് ഷെഫില്‍ നിന്ന് കിട്ടിയ അനുഗ്രഹവും കൈമുതലായി സൂക്ഷിക്കുന്ന വിജയന്‍ ഷെഫ് തന്‍റെ വിഭവങ്ങള് കഴിക്കുന്നവര്‍ക്ക് നല്‍കുന്ന സംതൃപ്തിയാണ് തന്‍റെ സംതൃപ്തിയും സന്തോഷവും വിജയവും എന്ന് തറപ്പിച്ച് പറഞ്ഞു. രുചികളുടെ കാര്യത്തില്‍ നാടനെന്നോ മറുനാടനെന്നോ ഉള്ള വ്യത്യാസം ഇദ്ദേഹത്തിനില്ല. രസകരമായ സ്വാദുകള്‍ ഏതു നാട്ടിലേതെന്നു നോക്കാതെ അദ്ദേഹം ആസ്വദിക്കും. മാസ്റ്റര്‍പീസ് എന്ന് പറയാന്‍ പ്രത്യേകിച്ച് ഒന്ന് ഇല്ലെന്ന് പറയുന്നെങ്കിലും പൂര്‍ണ്ണമനസ്സോടെ ഉണ്ടാക്കുന്ന എന്തും മാസ്റ്റര്‍പീസാണെന്ന് കരുതുന്ന ആളാണ് താന്‍ എന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.ലീലയില്‍ അതിഥികളുടെ ഇഷ്ടങ്ങള്‍ക്കാണ് പ്രാധാന്യം. അവരുടെ രുചികള്‍ക്കനുസരിച്ചാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. നാടന്‍രുചികള്‍ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വിദേശീയര്‍ക്ക് അതിനുള്ള അവസരവും ലീല നല്‍കുന്നുണ്ട്.
ടേസ്റ്റ് ഓഫ് കേരള കുക്കറി ഷോകളില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു. പാചകരംഗത്തെ വ്യത്യസ്ത രുചികളെ മാത്രമല്ല, ആ രുചികള്‍ക്ക് പിന്നിലെ ഷെഫുകളെയും പരിചയപ്പെടാന്‍ ഷോ അവസരമൊരുക്കുന്നു.
പുറത്ത് കടല്‍ പാറക്കെട്ടുകളിലടിച്ച് പൊട്ടിച്ചിരിക്കുന്ന ശബ്ദം. അകത്ത് ബാന്‍ഡ് സംഗീതം നുകര്‍ന്ന് കടല്‍കാറ്റിന്‍റെ നനുത്ത സ്പര്‍ശമേറ്റ് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നവര്‍ക്കിടയിലൂടെ പുഞ്ചിരിച്ച് കൊണ്ട് വിജയന്‍ ഷെഫ് നടന്നു, തലയുയര്‍ത്തിപ്പിടിച്ച് തന്നെ....
|
|